നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്ധനകളോടെ...
ഒരു മനുഷ്യന്‍ പ്രമുഖ വലിയ്യ് ഇബ്രാഹീം ബിനു അദ്ഹം (റ) വിന്റെ അടുത്തുവന്നു ഇങ്ങനെ പറഞ്ഞു
''ഓ ശെയ്ഖ് അവര്‍കളെ, എന്റെ ദേഹേഛ എന്നെ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാന്‍, പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, അതിനാല്‍ എനിക്ക് വല്ല ഉപദേശവും നല്‍കണം''.
ഉടനെ മഹാനവര്‍കള്‍ പറഞ്ഞു നിനക്കങ്ങനെ പാപം ചെയ്യാന്‍, അല്ലാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ തോന്നുന്നു എങ്കില്‍ ചെയ്തോളു, കുഴപ്പമില്ല. പക്ഷെ എനിക്ക് നിന്നോട് പറയാനുള്ളത് അതിനു അഞ്ചു നിബന്ധനകള്‍ ഉണ്ട്. (ആ നിബന്ധനകള്‍ നീ പാലിക്കുന്ന പക്ഷം നിനക്ക് പാപം ചെയ്യാം)
ആ മനുഷ്യന്‍ ചോദിച്ചു എങ്കില്‍ എന്താണ് ആ നിബന്ധനകള്‍...?
ഇബ്രാഹീം ബിനു അദ്ഹം (റ) പറഞ്ഞു. നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിനു നിന്നെ കാണാന്‍ കഴിയാത്ത ഒരിടത്തു വെച്ചേ ചെയ്യാവൂ.
ഉടനെ ആ മനുഷ്യന്‍, സുബ്ഹാനല്ലാഹ്...! അല്ലാഹുവില്‍ നിന്ന് എങ്ങിനെ മറഞ്ഞു നില്‍ക്കും.അവനു ഒന്നും മറഞ്ഞതല്ലല്ലോ? എന്ന് ചോദിച്ചു.
ഉടനെ ഇബ്രാഹീം ബിനു അദ്ഹം(റ). സുബ്ഹാനല്ലാഹ്..!
എങ്കില്‍ അല്ലാഹു നിന്നെ കണ്ടു കൊണ്ടിരിക്കേ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ?എന്ന് തിരിച്ചു ചോദിച്ചു.
ആ മനുഷ്യന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല...
വീണ്ടും ആ മനുഷ്യന്‍, എങ്കില്‍ അടുത്ത നിബന്ധന എന്താണ്...?
ഇബ്രാഹീം ബിനു അദ്ഹം(റ) പറഞ്ഞു. 'നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിന്റെ ഭൂമിക്കു മുകളില്‍വെച്ച് ചെയ്യരുത്'.
ആ മനുഷ്യന്‍, "സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എവിടെ പോകും...? പ്രപഞ്ചം മുഴുവന്‍ അവന്റെയാണല്ലോ...?
ഉടനെ ഇബ്രാഹീം ബിനു അദ്ഹം(റ). സുബ്ഹാനല്ലാഹ്...!
എങ്കില്‍ അവന്റെ ഭൂമിക്കു മുകളില്‍ നീ താമസക്കാരനായിരിക്കെ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ? എന്ന് തിരിച്ചു ചോദിച്ചു...
വീണ്ടും അയാള്‍ ചോദിച്ചു. എങ്കില്‍ അടുത്ത നിബന്ധന...?
ഇബ്രാഹീം ബിനു അദ്ഹം(റ) " നീ അള്ളാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പിന്നെ അവന്റെ ഭക്ഷണം കഴിക്കരുത്"
ആ മനുഷ്യന്‍, "സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എങ്ങിനെ ജീവിക്കും, എല്ലാ അനുഗ്രഹവും അവന്റെയാണല്ലോ...?
ഉടനെ ഇബ്രാഹീം ബിനു അദ്ഹം(റ), "എങ്കില്‍ അവന്‍ നിനക്ക് വേണ്ട ഭക്ഷണവും വെള്ളവും, ആരോഗ്യവും നല്‍കി നിന്നെ സംരക്ഷിക്കുമ്പോഴും അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ...?
അയാള്‍ വീണ്ടും ചോദിച്ചു. എങ്കില്‍ അടുത്ത നിബന്ധന...?
ഇബ്രാഹീം ബിനു അദ്ഹം(റ), "നീ പാപം ചെയ്തതിനാല്‍ മലക്കുകള്‍ നിന്നെ നരകത്തിലേക്ക് കൊണ്ട് പോകാന്‍ വരുമ്പോള്‍ നീ അവരുടെ കൂടെ പോകരുത്".
ആ മനുഷ്യന്‍, "സുബ്ഹാനല്ലാഹ്! "എനിക്കതിനുള്ള ശക്തിയില്ലല്ലോ , അവര്‍ എന്നെ വലിച്ചു കൊണ്ട് പോകുമല്ലോ...
അയാള്‍ അടുത്തതായി ചോദിച്ചു. എങ്കില്‍ അടുത്ത നിബന്ധന...?
ഇബ്രാഹീം ഇബിനു അദ്ഹം(റ), "നിനക്ക് നല്‍കപ്പെടുന്ന ഏടില്‍ നീ പാപങ്ങള്‍ കാണുമ്പോള്‍ ഞാന്‍ അവയൊന്നും ചെയ്തില്ല എന്ന് നിഷേധിച്ചു കളയുക"
ആ മനുഷ്യന്‍, "സുബ്ഹാനല്ലാഹ്...! അപ്പോള്‍ എന്റെ നന്മ തിന്മകള്‍ എഴുതുന്ന ആദരണീയരായ മലക്കുകള്‍, എന്റെ സംരക്ഷകരായ മലക്കുകള്‍, എനിക്കെതിരെ സാക്ഷിമൊഴി നല്‍കുന്ന സാക്ഷികള്‍ അവരെയൊക്കെ എന്ത് ചെയ്യും''
ആ മനുഷ്യന്‍ കരഞ്ഞു കൊണ്ട് ഈ വാചകം വീണ്ടും വീണ്ടും ഉരുവിട്ട് മഹാന്റെ സന്നിധിയില്‍ നിന്നും പോയി......
You need to be a member of Jeelani Message to add comments!
Join Jeelani Message