ഖല്‍ബിനു പ്രാധാന്യം – 03
ഭരണാധികാരിയായ ഹജ്ജാജിനെ ആക്ഷേപിച്ചതിന്റെ പേരില്‍ മഹാനായ അനസ് (റ) നെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കപ്പെട്ടു.ദര്‍ബാറിലെത്തിയ അനസ് (റ) നോട് ക്രൂരനായ ഹജ്ജാജ് ചോദിച്ചു."നീ എന്നെ ചീത്ത പറയുന്നുണ്ടോ? അനസ് (റ) പറഞ്ഞു."അതെ,നിന്നെ ഞാന്‍ ആക്ഷേപിക്കുന്നു.ഒരുപാട് സ്വഹാബത്തിന്റെയും താബിഉകളുടെയും ചോര ചിന്തിയ ക്രൂരനാണ് നീ.റസൂലിന്റെ തിരു സുന്നത്തിനെതിരായി പ്രവര്‍ത്തിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നു നീ".ഉടന്‍ ഹജ്ജാജ് ചോദിച്ചു."നിന്നെ ഏറ്റവും നികൃഷ്ടമായ നിലയില്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു,എന്താണ് നിന്റെ അഭിപ്രായം?". മഹാനായ അനസ് (റ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."അതിനുള്ള അധികാരം നിനക്കുണ്ടെന്നു അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ആരാധിക്കുമായിരുന്നു".മഹാനായ അനസ് (റ) ഹജ്ജാജിന്റെ മുന്‍പില്‍ പ്രകടിപ്പിച്ച ഈ ചങ്കൂറ്റം ആത്മീയതയില്‍ നിന്നുടലെടുത്ത മനക്കരുത്ത് ആയിരുന്നു.ഇതു പറഞ്ഞ സമയത്ത് മഹാനവര്‍കളുടെ പിറകില്‍ രണ്ടു സിംഹങ്ങള്‍ പ്രത്യക്ഷപ്പെട്ടു.തദ്ഫലമായി ഹജ്ജാജിനു മഹാനവര്‍കളെ കൊല്ലാന്‍ സാധിച്ചില്ല.ഇതിനെ ക്കുറിച്ച് ഹജ്ജാജിനോട് ചോദിക്കപ്പെട്ടപ്പോള്‍ പറഞ്ഞത് എനിക്കവനെ കൊള്ളാന്‍ സാധിച്ചില്ല എന്ന ഒഴുക്കന്‍ മറുപടി ആണ്.മഹാനവര്‍കള്‍ യഥാര്‍ത്ഥ ഹൃദയവുമായി അല്ലാഹുവിനെ ഭയപ്പെട്ടു ജീവിച്ചപ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തെ ഭയന്നു.
ചുരുക്കത്തില്‍ ഖൈറും ശര്‍റും കൊടുക്കുന്നതും തടയുന്നതും ഉപകാരവും ഉപദ്രവുമൊക്കെ അല്ലാഹുവില്‍ നിന്നാണെന്നും ഉള്‍ക്കൊണ്ടു അവനെ ഭയപ്പെട്ടു അവന്റെ സ്നേഹം ആര്‍ജ്ജിച്ചു ജീവിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ മുഅ്മിനാവുന്നതും മനക്കരുത്ത് നേടുന്നതും.നമ്മുടെ ഹൃദയത്തില്‍ ഈമാനിന്റെ സാന്നിധ്യം ഉണ്ടാകുമ്പോഴേ നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവൂ.നാം ഇന്ന് ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.പക്ഷേ അവയെല്ലാം അടിസ്ഥാനമില്ലാത്ത വെറും അന്ഷ്ടാനങ്ങളും ചടങ്ങുകളും മാത്രമായി മാറുകയാണ്.കാലത്തിന്റെയും ശരീരത്തിന്റെയും ഒഴുക്കിനനുസരിച്ചു നീങ്ങുന്നത് കൊണ്ട് തന്നെ ഇത്തരം കര്‍മ്മങ്ങളില്‍ ഒന്നിലും യാതൊരു മാധുര്യമോ ആസ്വാദ്യതയോ നാം അനുഭവിക്കുന്നുമില്ല.നാം നിസ്കാരത്തിലേക്ക് പ്രവേശിച്ചാല്‍ നമ്മുടെ ശരീരം നിസ്കാരപായയിലും ഹൃദയം കടിഞ്ഞാണില്ലാതെ പലയിടത്തും അലയുകയുമായിരിക്കും.ഇത്തരം ആരാധനകള്‍ നമ്മെ കൂടുതല്‍ നിരാശയിലേക്ക് ആഴ്ത്തികൊണ്ടിരിക്കും.
മഹാനായ അലിയ്യുല്‍ ഖവ്വാസ് (റ) പറയുന്നു.
" كل عمل لا يحضر فيه العبد بقلبه وهو كالميتة وهو بالنفاق أجدر"
"അടിമയുടെ ഹൃദയസാന്നിധ്യമില്ലാത്ത എല്ലാ പ്രവര്‍ത്തനങ്ങളും ശവസമാനമാണ്. അതിലുപരി കാപട്യത്തോട് ഏറ്റവും സാദൃശ്യവുമാണ്".ഈ കാപട്യമാണ് നാം ഇന്ന് അനുഭവിക്കുന്നത്.നാം ഹൃദയത്തില്‍ ശ്രദ്ധകൊടുക്കാതെ ശരീരത്തിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.തദ്ഫലമായി നാം പള്ളിയില്‍ കയറി ആരാധനകളില്‍ മുഴുകിയാലും നമ്മുടെ ഹൃദയം പള്ളിക്ക് പുറത്ത് അലഞ്ഞു തിരിയുന്നു.
ഒരിക്കല്‍ നബി (സ) പള്ളിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്വഹാബി വന്നു നിസ്കരിച്ചു.ശേഷം അദ്ദേഹം നബിയുടെ അടുക്കല്‍ വന്നു സലാം ചൊല്ലി.അവിടന്ന് സലാം മടക്കി,എന്നിട്ട് പറഞ്ഞു.
"إرجع, فصلّ فإنك لم تصلّ"
"നീ നിസ്കരിച്ചിട്ടില്ല,അതുകൊണ്ട് നീ മടങ്ങി വീണ്ടും നിസ്കരിക്കുക".യാഥാര്‍ത്ഥത്തില്‍ കര്‍മ്മശാസ്ത്ര വിധി പ്രകാരമുള്ള എല്ലാ നിബന്ധനകളും കര്‍ശനമായി അദ്ദേഹം പാലിച്ചിരുന്നു.നിസ്കാരം സാധുവാകാനുള്ള കര്‍മ്മങ്ങള്‍ അനുഷ്ടിച്ചിരുന്നെങ്കിലും സ്വീകാര്യമാവാനുള്ളതൊന്നും ചെയ്തിരുന്നില്ല.അതുകൊണ്ട് റസൂല്‍ അദ്ദേഹത്തോട് പറഞ്ഞു.നീ നിസ്കരിച്ചിട്ടില്ല.ഇങ്ങനെ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു.ശേഷം നബി (സ) ആ സ്വഹാബിക്ക് നിസ്കാരത്തിലുണ്ടാവേണ്ട ഭയഭക്തിയും താഴ്മയുമൊക്കെ പഠിപ്പിച്ചു കൊടുത്തു.എവിടെ ഈ സ്വഹാബിയുടെ നിസ്കാരവുമായി നമ്മുടെ നിസ്കാരമൊന്നു താരതമ്യം ചെയ്യുമ്പോള്‍ അത് നാഴികകള്‍ക്കപ്പുറത്ത് ആയിരിക്കും.നമ്മുടെ നിസ്കാരം വെറും കോമാളിത്തരവും വ്യായാമവും മാത്രമാവും.അല്ലാഹുവിനോടുള്ള ഭയഭക്തി ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴേ നമ്മുടെ ആരാധനകള്‍ക്കു അതിന്റെ അടിസ്ഥാനം കൈവരികയുള്ളൂ.ഒരാള്‍ നിസ്കാരത്തില്‍ താടി പിടിച്ചുഴിയുന്നത് കണ്ടപ്പോള്‍ നബി (സ) പറഞ്ഞു.
" لو خشع قلب هذا لخشع جوارحه"
"ഇയാളുടെ ഹൃദയത്തിനു ഭയഭക്തി ഉണ്ടായിരുന്നുവെങ്കില്‍ അയാളുടെ അവയവങ്ങള്‍ക്കും ഭയഭക്തി ഉണ്ടാവുമായിരുന്നു".ഭയഭക്തി ഉണ്ടാവണമെങ്കില്‍ അതിന്റെ പ്രഭവ കേന്ദ്രമായ ഹൃദയം നന്നാക്കണം.അതിനുള്ള മാര്‍ഗമാണ് നാം ഓരോരുത്തരും കണ്ടെത്തേണ്ടതും അന്വേഷിക്കേണ്ടതും.
You need to be a member of Jeelani Message to add comments!
Join Jeelani Message